കൊച്ചി: മോട്ടോർ വാഹന നിയമങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തി വൻതോതിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ മഹേന്ദ്ര സ്കോർപിയോ വാഹനം എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടി. മറ്റ് വാഹനയാത്രക്കാർക്ക് കടുത്ത സുരക്ഷാഭീഷണിയും ബുദ്ധിമുട്ടും സൃഷ്ടിച്ചതിനെ തുടർന്നാണ് ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് എം വി ഐ വിനോദ് കുമാർ എൻ, എ എം വി ഐ മാരായ മുഹമ്മദ് നിയാസ്, കശ്യപ് എന്നിവരുടെ മിന്നൽ പരിശോധനയിൽ കാക്കനാട് പള്ളിക്കരയിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
കമ്പനി നിഷ്കർഷിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനത്തിന്റെ വശങ്ങളിൽ പുറത്തേക്ക് തള്ളി ഉയർന്ന വണ്ണവും വലുപ്പവുമുള്ള കൂറ്റൻ ആഫ്റ്റർമാർക്കറ്റ് ടയറുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. എതിരെ വരുന്ന ഡ്രൈവർമാരുടെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള അഡീഷണൽ കളേർഡ് ലൈറ്റുകൾ, ഹൈ-പവർ ഫ്ലാഷ് ലൈറ്റുകൾ, വാഹനത്തിന് മുകളിലും വശങ്ങളിലും ഉള്ളിലുമായി സജ്ജീകരിച്ച വൻ ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ വണ്ടിയിൽ പിടിപ്പിച്ചിരുന്നു.ഇതിനുപുറമേ, കടുത്ത ശബ്ദമലിനീകരണമുണ്ടാക്കുന്ന രീതിയിൽ വലിയ സൗണ്ട് ബൂഫറുകളോട് കൂടിയ ഹൈ-ഡെസിബെൽ മ്യൂസിക് സിസ്റ്റവും, പൂർണ്ണമായും നിരോധിച്ചിട്ടുള്ള മൾട്ടി-ടോൺ എയർ ഹോണുകളും വാഹനത്തിൽ ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
നിയമവിരുദ്ധമായി വരുത്തിയ മാറ്റങ്ങൾക്ക് വൻതുക പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകളും എയർഹോണും മ്യൂസിക് സിസ്റ്റവും പൂർണ്ണമായി അഴിച്ചുമാറ്റി വാഹനം കമ്പനി നിർമ്മിതിയിലുള്ള ഒറിജിനൽ രൂപത്തിലാക്കി ഹാജരാക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ബിജു ഐസക് വ്യക്തമാക്കി.