ഈരാറ്റുപേട്ട നഗരസഭയിൽ 11.68 കോടിയുടെ മിച്ച ബജറ്റ് : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന

അടിസ്ഥാന സൗകര്യ വികസനത്തിനും മാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകിക്കൊണ്ട് ഈരാറ്റുപേട്ട നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 11,68,70,061 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ കൗൺസിൽ ഹാളിൽ അവതരിപ്പിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അവതരണ യോഗത്തിൽ വികസനകാര്യ ചെയർപേഴ്സൺ അഫ്സൽ വി. നൗഷാദ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി, ആരോഗ്യകാര്യ ചെയർപേഴ്സൺ റൈന എം.എം, മരാമത്തുകാര്യ ചെയർപേഴ്സൺ തസ്ലീൻ സിറാജ്, വിദ്യാഭ്യാസ കലാകായിക ചെയർപേഴ്സൺ ബീമാ നാസർ വിവിധ പാർലമെൻററി പാർട്ടി ലീഡർമാർ എന്നിവർ പങ്കെടുത്തു.

ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കെ.യു.ആർ.ഡി.എഫ്.സി (KURDFC) വഴി 12 കോടി രൂപയുടെ വായ്പയെടുക്കാൻ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെ മാലിന്യ സംസ്കരണത്തിനായി പ്ലാന്റ് സ്ഥാപിക്കാൻ വസ്തു വാങ്ങുന്നതിനായി 1.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതർക്ക് വീട് നൽകുന്നതിനായുള്ള ലൈഫ്, പി.എം.എ.വൈ പദ്ധതികൾക്കായി നഗരസഭാ വിഹിതമായി 36,86,800 രൂപയും ഹഡ്‌കോ (HUDCO) വായ്പയായി ഏഴ് കോടി രൂപയും വകയിരുത്തി. വിനോദസഞ്ചാരത്തിനും വിശ്രമത്തിനുമായി മുക്കടയിൽ ടേക്ക് എ ബ്രേക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ നിർമ്മാണത്തിന് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാ വാർഡുകളിലും സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനത്തിനും പുതിയ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനുമായി 15 ലക്ഷം രൂപയും ബജറ്റിലുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാര വിതരണത്തിനുമായി 27 ലക്ഷം രൂപ വകയിരുത്തി. അമൃത് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധജല വിതരണത്തിനായി 3 കോടി രൂപ വകയിരുത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടർപഠനത്തിനായുള്ള സ്കോളർഷിപ്പ്, മുച്ചക്രവാഹനം, വീൽ ചെയർ എന്നിവ നൽകുന്നതിനായി 34 ലക്ഷം രൂപയും, പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികൾക്ക് 11 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 40 ലക്ഷം രൂപയും റോഡ് വികസനത്തിനായി ഒന്നരക്കോടി രൂപയും ഉൽപ്പാദന മേഖലയ്ക്കായി 98 ലക്ഷം രൂപയും ബജറ്റിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *