കൊച്ചി: ഗസറ്റഡ് ഓഫിസർമാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് നടപടിക്ക് ശിപാർശ ചെയ്യാൻ രൂപവത്കരിച്ച വിജിലൻസ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം ഓഡിറ്റിന് വിധേയമാക്കണമെന്ന് ഹൈകോടതി. 1960 ൽ തിരുവനന്തപുരത്തും കോഴിക്കോടും ആരംഭിച്ച ട്രൈബ്യൂണലുകളിൽ വർഷം ശരാശരി അഞ്ച് കേസുകളാണ് തീർപ്പാക്കുന്നത്. ശമ്പളയിനത്തിലും അല്ലാതെയും കോടികൾ ചെലവഴിക്കേണ്ടിവരുന്ന സംവിധാനം തുടരേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് കെ. ബാബു ആവശ്യപ്പെട്ടു. ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസ് വേഗം തീർപ്പാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. ട്രൈബ്യൂണലിന്റെ കാര്യത്തിൽ തുടർനടപടിക്കായി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാൻ രജിസ്ട്രാർക്ക് കോടതി നിർദേശം നൽകി.
ഹർജി പരിഗണിക്കവേ ട്രൈബ്യൂണലുകളുടെ പ്രവർത്തനം കൂടി കോടതി പരിശോധനക്കെടുക്കുകയായിരുന്നു. അഴിമതി ആരോപണ കേസുകൾ വേഗം തീർപ്പാക്കാനുള്ള സംവിധാനമെന്ന നിലയിൽ സർക്കാറാണ് ഇവ ട്രൈബ്യൂണലിന്റെ പരിഗണനക്ക് വിടേണ്ടത്. ജില്ല ജഡ്ജിയെയോ സമാന യോഗ്യതയുള്ളവരെയോ ആണ് ട്രൈബ്യൂണലിൽ നിയമിക്കുന്നത്.
2015 മുതൽ 2023 വരെ കോഴിക്കോട് ട്രൈബ്യൂണൽ 30 കേസുകളും തിരുവനന്തപുരം വിജിലൻസ് ട്രൈബ്യൂണൽ 35 കേസുകളുമാണ് തീർപ്പാക്കിയത്. 10 കേസുകളിൽ താഴെ മാത്രമാണ് നിലവിൽ വിജിലൻസിന്റെ പരിഗണനയിലുള്ളത്. വിജിലൻസല്ലാതെ മറ്റ് സർക്കാർ വകുപ്പുകളൊന്നും കേസുകൾ ട്രൈബ്യൂണലിന്റെ പരിഗണനക്ക് വിടുന്നില്ല. സംവിധാനം പരാജയപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇത് തുടരേണ്ടതുണ്ടോയെന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചത്.