പുതുപ്പള്ളി: പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അറിയിച്ചു. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി നേരിട്ട് വോട്ടർമാരെ സമീപിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബാനറുകളും ബോർഡുകളും സ്ഥാപിക്കാൻ ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കായി വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നുമാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെക്കുറിച്ചും തൻ്റെ പ്രസ്ഥാനത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും, അത്തരമൊരു സാഹചര്യത്തിൽ അനാവശ്യ ധൂർത്ത് നടത്തേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
റോഡ് ഷോകൾ, സൈക്കിൾ റാലികൾ, ജനസമ്പർക്ക യാത്രകൾ എന്നിവയിലൂടെ നേരിട്ട് ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് പ്രചാരണത്തിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.