‘പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുക’; എം ബി രാജേഷ്

മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം, മദ്യ നയം, സര്‍ക്കാര്‍ നികുതിപ്പണമുപയോഗിച്ച് പിആര്‍ ചെയ്യുന്നുവെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.

പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുക. കാരണം ആമമുട്ടയും കൊണ്ടാണല്ലോ വരുന്നത്. ഓരോ തവണയും പ്രധാനമന്ത്രിയുടെ മുഖം കാണുമ്പോള്‍ ആമമുട്ടയായിരിക്കും ജനങ്ങള്‍ക്ക് ഓര്‍മ വരിക. ഇമ്മാതിരി വഞ്ചന ചെയ്ത ആള്‍ ഒരു ലജ്ജയുമില്ലാതെ ചിരിച്ചുകാട്ടി വന്നിരിക്കുന്നു എന്നല്ലേ ആളുകള്‍ മനസില്‍ പറയുക. ഉദാഹരണമല്ലേ വയനാട് – അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തി അവിടെ റീത്ത് വെക്കുകയാണ്. ഇത്തരമൊരു പ്രതിഷേധം ഇതിന് മുന്‍പുണ്ടായിട്ടുണ്ടോ. ഞങ്ങളെല്ലാം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. 28 കൊല്ലം മുന്‍പ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന്റെ കേസ് ഇപ്പോഴും എന്റെ പേരിലുണ്ട്. ഒരു ഭീകരാക്രമണത്തിന്റെ ശൈലിയാണ്. ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ സ്വഭാവമല്ല. എന്ത് സന്ദേശമാണ് നല്‍കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ തള്ളിയത് കണ്ണില്‍ പൊടിയിടാനാണ്. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിക്ക് നേരെ നടന്ന ആക്രമണ ശ്രമം മുതിര്‍ന്ന നേതാക്കളുടെ പ്രേരണയിലാണ്. മന്ത്രിയുടെ വീട്ടില്‍ ഇത്തരമൊരു കാര്യം നടന്നതിന് ശേഷം കര്‍ശനമായ നിലപാട് എടുത്തിരുന്നെങ്കില്‍ പിന്നെ ഇത് ആവര്‍ത്തിക്കുമോ. ജനാധിപത്യവിരുദ്ധമായ പ്രതിഷേധത്തെ വെളുപ്പിച്ചെടുക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങളടക്കം നടത്തുന്നത് – അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *