അഭിഷേകിനും, ഇഷാനും പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് നിങ്ങളുടേ ആവശ്യം?” —
അൽപ്പം പരിഹാസം കലർന്ന ഒരു ചിരിയോടെ സൂര്യകുമാർ യാദവ് ആ ചോദ്യം തിരിച്ചെറിഞ്ഞപ്പോൾ, മലയാളികളുടെ ഹൃദയം ഒന്ന് നൊമ്പരപ്പെട്ടു. ആ നിമിഷം, ആ മറുപടി ഒഴിവാക്കാമായിരുന്നുവെന്നൊരു തോന്നൽ പലർക്കും ഉണ്ടായി. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ആ പ്രതികരണം.
പക്ഷേ ക്രിക്കറ്റ് എന്ന കളി ചിലപ്പോൾ അത്ഭുതകരമായ കവിത എഴുതും.
ക്വാർട്ടർ ഫൈനലിന് സമാനമായ അത്യന്തം നിർണായക മത്സരത്തിൽ, വെസ്റ്റ് ഇൻഡീസിനെതിരെ, മറ്റുള്ളവർ മൗനമായപ്പോൾ… അതേ സഞ്ജു സാംസൺ ഉറച്ച മനസ്സോടെ ക്രീസിൽ നിന്നു. ഓരോ ഷോട്ടും ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമായി. ഫിഫ്റ്റി തികച്ചപ്പോൾ, നോൺ-സ്ട്രൈക്കർ എൻഡിൽ നിന്നിരുന്ന സൂര്യകുമാർ യാദവ് ആ ഇന്നിംഗ്സിന് സാക്ഷിയായി. അതൊരു കാവ്യനീതിപോലെ തോന്നിയ നിമിഷം!
ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ച്, അത്യന്തം ഉത്തരവാദിത്തത്തോടെയും ആത്മവിശ്വാസത്തോടെയും ആങ്കർ ചെയ്ത സഞ്ജു, ആയിരങ്ങൾ നിറഞ്ഞ ഈഡൻ ഗാർഡൻസ് സാക്ഷിയായി, ടീമിനെ ടി20 വേൾഡ് കപ്പിന്റെ സെമിഫൈനലിലേക്കെത്തിച്ചപ്പോൾ — അത് മലയാളികളുടെ ഹൃദയത്തിൽ ഇരട്ടിമധുരമായി പതിഞ്ഞു.