പാലാ: നിയന്ത്രണം വിട്ട കാർ റോഡിനോടു ചേർന്നുള്ള തോട്ടിൽ വീണു. പാലാ-കോഴാ റോഡിൽ വള്ളിച്ചിറ മണലേൽ പാലത്തിനു സമീപം ഇന്നലെ പുലർച്ചെ 5.30 നു ആയിരുന്നു അപകടം. വണ്ടിപ്പെരിയാർ സ്വദേശികളായ ഷിൻസ് രാജു (30), ഭാര്യ ആതിര (29) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിലേക്കു വീണത്. കാർ യാത്രക്കാരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഇതുവഴിയെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഈ ഭാഗത്ത് തോടിനോടു ചേർന്ന് റോഡിന് സംരക്ഷണവേലികൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.