കോഴിക്കോട്: റംസാൻ വ്രതമായതിനാൽ വൈകിട്ട് നേരത്തെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ ഇരുന്ന തൊഴിലാളികളെ കാത്തിരുന്നത് മരണം. രാവിലെ നേരത്തെ ജോലിക്ക് എത്തി ചുമടിറക്കി വിശ്രമിക്കുന്നതിനിടയാണ് കെട്ടിടം തകർന്ന് പുതിയങ്ങാടിയിലെ തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവർ മരിച്ചത്.
തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ, കോയ, വിനോദ് എന്നിവർ ഒരുമിച്ചാണ് കെട്ടിടത്തിന്റെ വരാന്തയിൽ ഇരുന്നത്. ഇവരുടെ ശരീരത്തിലേക്കാണ് സ്ലാബ് പൊളിഞ്ഞു വീണത്. ജബ്ബാറും അഷ്റഫും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തൊട്ടുപിന്നാലെ ബഷീറും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. കെട്ടിടം പൊളിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ പലപ്പോഴും അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കെട്ടിട ഉടമകളുടെ വാദം. ഇടയ്ക്കിടെ കോർപ്പറേഷൻ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ ഒഴിയാൻ നോട്ടീസ് ലഭിച്ചിട്ടില്ല. വാടക എല്ലാമാസവും അഞ്ചാം തീയതി കോർപ്പറേഷനിലേക്ക് അടയ്ക്കുന്നുണ്ടെന്നും പറയുന്നു.