സത്യസന്ധതയുടെ സ്വർണ്ണത്തിളക്കം

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കിയ സത്യസന്ധതയ്ക്ക് മറ്റൊരു സ്വര്‍ണ്ണത്തിളക്കം; ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്

ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. ഒപ്പം ഹൃദയം നിറഞ്ഞ് ഒരു സമ്മാനവും നല്‍കി. ഒരു സ്വർണ്ണമാലയും പൊന്നാടയും ആണ് താരം നല്‍കിയത്.

കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെ പത്മയ്ക്ക് ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് ഒരു ബാഗ് ലഭിച്ചത്. സാധനം പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് ഏകദേശം 45 പവൻ സ്വർണ്ണാഭരണങ്ങള്‍ കണ്ടെത്തി. ഒട്ടും വൈകാതെ തന്നെ പത്മ തന്റെ മേലധികാരികളെ വിവരമറിയിക്കുകയും അടുത്തുള്ള പോണ്ടി ബസാർ പോലീസ് സ്റ്റേഷനില്‍ സ്വർണ്ണം അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. പോലീസ് സ്വർണ്ണം യഥാർത്ഥ ഉടമയ്ക്ക് കൈമാറി.

പത്മയുടെ ഈ നിസ്വാർത്ഥമായ പ്രവർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം പത്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടൻ രജനികാന്ത് പറഞ്ഞു. അദ്ദേഹം പത്മയെ ആദരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയും താരത്തിന്റെ ഈ ലളിതമായ ഇടപെടലിനെ ആരാധകർ പ്രശംസിക്കുകയും ചെയ്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *