കുഞ്ഞിന്റെ നിലവിളി കേട്ട് കിണറ്റിലേക്ക് എടുത്ത് ചാടി ; കിണറ്റിനുള്ളിൽ വെച്ച് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് കേരള പോലീസ്

മൂവാറ്റുപുഴയിലെ പേഴയ്‌ക്കാപ്പിള്ളി പുഞ്ചേരിച്ചിറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന സിയാൻ എന്ന നാല് വയസ്സുകാരനാണ് അബദ്ധത്തിൽ കാൽ വഴുതി ആഴമുള്ള കിണറ്റിലേക്ക് വീണത്. കുഞ്ഞിന്റെ അമ്മയുടെ നിലവിളി കേട്ടാണ് മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി അതുവഴി കടന്നുപോവുകയായിരുന്ന മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണിയും, എ.എസ്.ഐ ഷിനുവും, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും അടങ്ങുന്ന സംഘം അങ്ങോട്ടേക്ക് ഓടിയെത്തിയത്.

ആറടിയോളം വെള്ളമുള്ള അപകടകരമായ ആ കിണറ്റിൽ മുങ്ങിത്താഴുന്ന ഒരു പിഞ്ചുകുഞ്ഞിനെയാണ് അവർ അവിടെ കണ്ടത്. ഫയർഫോഴ്സ് വരുന്നതോ, സുരക്ഷാ ഉപകരണങ്ങൾ എത്തുന്നതോ കാത്തുനിൽക്കാൻ അവിടെ സമയമുണ്ടായിരുന്നില്ല. മറ്റൊന്നും ചിന്തിക്കാതെ, സ്വന്തം ജീവൻ പോലും പണയം വെച്ച് ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണി ആ കിണറ്റിലേക്ക് ചാടി ഇറങ്ങി. കിണറ്റിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ പൈപ്പിൽ തൂങ്ങി, മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ അദ്ദേഹം താഴേക്ക് ഇറങ്ങിയപ്പോൾ, മുകളിൽ നിന്ന് ഷിനുവും രഞ്ജിത്ത് രാജനും ആ പൈപ്പ് ബലമായി പിടിച്ചു നൽകി അദ്ദേഹത്തിന് കരുത്തായി.

താഴെയെത്തി വെള്ളത്തിൽ നിന്നും കുഞ്ഞിനെ മുങ്ങിയെടുക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. അനക്കമില്ലാത്ത അവസ്ഥയിലായിരുന്ന കുട്ടിയെ പുറത്തെത്തിക്കുന്നത് വരെ കാത്തുനിൽക്കാതെ, ആ കിണറ്റിനുള്ളിലെ ഇടുങ്ങിയ സാഹചര്യത്തിൽ വെച്ചുതന്നെ അദ്ദേഹം കുട്ടിക്ക് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ മുകളിലെത്തിക്കുകയും, ഉടൻ തന്നെ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തുള്ള ആ ഇടപെടലും, സ്വന്തം സുരക്ഷ നോക്കാതെ കിണറ്റിലിറങ്ങിയ ആ ധീരതയും കൊണ്ട് മാത്രമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ സിയാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. കാക്കിപ്പടയുടെ ഈ മനുഷ്യസ്നേഹത്തിന് ആകട്ടെ ഇന്നത്തെ ലൈക്കും ഷെയറും.

Leave a Reply

Your email address will not be published. Required fields are marked *