ആലപ്പുഴ∙ ജില്ലയിൽ വീണ്ടും സൈബർ തട്ടിപ്പുകൾ രൂക്ഷമായി. പുതുവർഷം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും 8.55 കോടി രൂപയുടെ തട്ടിപ്പാണ് ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷനിൽ മാത്രം റജിസ്റ്റർ ചെയ്തത്. ഇതിനു പുറമേ മറ്റു പൊലീസ് സ്റ്റേഷനുകളിലും സൈബർ തട്ടിപ്പുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം കൂട്ടിയതും മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പ്രതികളെ പിടികൂടിയതും കാരണം കഴിഞ്ഞ മാസങ്ങളിൽ സൈബർ തട്ടിപ്പുകൾ കുറവായിരുന്നു. ഇപ്പോൾ വീണ്ടും തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ സജീവമായി വലവിരിച്ചിരിക്കുകയാണ്.സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ജോലി നൽകാമെന്നു വിശ്വസിപ്പിച്ചാണു ബുധനൂർ സ്വദേശിയിൽ നിന്ന് 31.61 ലക്ഷം രൂപ തട്ടിയെടുത്തത്.
സ്വകാര്യ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണെന്നാണു തട്ടിപ്പുകാർ യുവാവിനെ വിശ്വസിപ്പിച്ചത്. ജനുവരി രണ്ടു മുതൽ അഞ്ചു വരെയുള്ള തീയതികളിൽ 22 തവണയായാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങിയത്. ഓൺലൈൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ബന്ധപ്പെട്ടയാൾ കിടങ്ങറ സ്വദേശിയായ യുവാവിൽ നിന്ന് 15.24 ലക്ഷം രൂപ തട്ടിയെടുത്തു. ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. ഓഹരിവിപണിയിൽ നിക്ഷേപിച്ചു ലാഭമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്നു യുവാവ് ഒക്ടോബർ 31 മുതൽ ഡിസംബർ 17 വരെയുള്ള ദിവസങ്ങളിൽ 18 തവണയായാണു പണം നിക്ഷേപിച്ചത്.
ഹരിപ്പാടു സ്വദേശിയായ 73 വയസ്സുകാരനായ പ്രവാസിയെ കബളിപ്പിച്ചു നടത്തിയ 8.08 കോടി രൂപയുടെ തട്ടിപ്പും ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷനിലാണു റജിസ്റ്റർ ചെയ്തത്. സമാന സ്വഭാവമുള്ളവയാണു മൂന്നു തട്ടിപ്പും. റസ്റ്ററന്റുകളുടെ ഓൺലൈൻ റിവ്യൂ നൽകുന്നതു വഴി വൻതുക കമ്മിഷനായി നേടാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ ആലപ്പുഴ സ്വദേശിയായ ദമ്പതികൾക്ക് 7,68,616 രൂപ നഷ്ടമായി. ഡിസംബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പു നടന്നത്. ആലപ്പുഴ കൈതവന സ്വദേശികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണു കേസെടുത്തത്. സമൂഹമാധ്യമ പരസ്യം വഴി അധികലാഭം വാഗ്ദാനം ചെയ്തു കായംകുളം സ്വദേശിയിൽ നിന്ന് 24,854 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കായംകുളം പൊലീസും അന്വേഷണം നടത്തുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവിടെയും തട്ടിപ്പുകാർ ഇരയെ കുടുക്കിലാക്കിയത്.