ചെന്നൈ ∙ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുൻപേ അഞ്ച് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പുറത്തെടുത്ത് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി. എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി നേതാവ് എം.ജി. രാമചന്ദ്രന്റെ (എം.ജി.ആർ) 109-ാം ജന്മദിനത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പളനിസ്വാമി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ആദ്യഘട്ടം എന്നുപറഞ്ഞാണ് അഞ്ച് മോഹന വാഗ്ദാനങ്ങൾ ജനങ്ങൾക്കായി നൽകിയത്. ഇതിൽ പ്രധാനം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മാസം 2000 രൂപ വീതം അക്കൗണ്ടിൽ നൽകും എന്നതാണ്. കുടുംബത്തിലെ വനിതകൾക്കാണ് ഈ നേട്ടം ലഭിക്കുക. നിലവിൽ ഡിഎംകെ സർക്കാർ മാസവും ആയിരം രൂപവീതം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്നുണ്ട്. 2023 സെപ്റ്റംബറിലാണ് ഈ പദ്ധതി തമിഴ്നാട് സർക്കാർ ആരംഭിച്ചത്. 2021ൽ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
സിറ്റി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര എന്നതാണ് പളaനിസ്വാമിയുടെ മറ്റൊരു വാഗ്ദാനം. നിലവിൽ സ്ത്രീകൾക്ക് സൗജന്യയാത്രയുണ്ട്. ഇനിമുതൽ പുരുഷൻമാർക്കും ഈ സൗജന്യം നൽകാമെന്നാണ് എഐഎഡിഎംകെയുaടെ വാഗ്ദാനം. ഇതിനു പുറമേ സ്വന്തമായി വീടില്ലാത്തവർക്കു കോൺക്രീറ്റ് വീടുകൾ, ഗ്രാമീണ തൊഴിൽ ദിനങ്ങൾ 150 ദിവസമാക്കും അഞ്ച് ലക്ഷം സ്ത്രീകൾക്ക് സ്കൂട്ടർ വാങ്ങാൻ 25,000 രൂപ സബ്‌സിഡി നൽകും. ഇതെല്ലാം എഐഎഡിഎംകെ തിരഞ്ഞെടുപ്പു വാദ്ഗാനങ്ങളാക്കിയിട്ടുണ്ട്.