ന്യൂഡൽഹി ∙ ഡൽഹി– എൻസിആറിലെ മസ്ജിദുകളും ദർഗകളും സ്ഥലം കയ്യേറി എന്നാരോപിച്ചു പതിവായി പരാതി നൽകുന്ന സേവ് ഇന്ത്യ ഫൗണ്ടേഷനെ ഹൈക്കോടതി വിമർശിച്ചു. പൊതുതാൽപര്യ ഹർജികൾ ദുരുപയോഗം ചെയ്യരുതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരുടെ ബെഞ്ച് ജനസേവനത്തിനു വേറെ മാർഗങ്ങളുണ്ടെന്നും ഓർമിപ്പിച്ചു.
‘ഓരോ ആഴ്ചയും നിങ്ങൾ നഗരത്തിൽ ചുറ്റിക്കറങ്ങി ഏതെങ്കിലുമൊരു ആരാധനാലയം കണ്ടെത്തും. എന്നിട്ട് ഹർജിയുമായി കോടതിയിലേക്കു വരും. ഒരേ തരത്തിലുള്ള കയ്യേറ്റങ്ങൾ മാത്രമേ നിങ്ങളുടെ കണ്ണിൽപെടാറുള്ളൂ, അതു പ്രോത്സാഹിപ്പിക്കാനാകില്ല. നിങ്ങളുടെ പേര് ഗിന്നസ് റെക്കോർഡിൽ വരണമെന്നാണോ ആഗ്രഹം? സമൂഹത്തിൽ മറ്റൊരു പ്രശ്നവും നിങ്ങൾ കാണുന്നില്ലേ. ജനങ്ങൾക്കു ശുദ്ധജലം കിട്ടാനില്ല, പട്ടിണി കാരണം പലരും വലയുന്നു; അതൊന്നും കാണുന്നില്ലേ? കയ്യേറ്റം മാത്രമേ കാണുന്നുള്ളൂ അല്ലേ? പൊതുതാൽപര്യ ഹർജികൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യരുത്. ഈ പരാതികൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
കയ്യേറ്റം ആരോപിച്ച് ഗിരിനഗറിലെ മസ്ജിദിനും മദ്രസയ്ക്കുമെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷൻ നൽകിയ ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. എന്നാൽ, പലയിടങ്ങളിൽ പരാതി നൽകിയിട്ടും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിയുണ്ടായില്ലെന്നു സേവ് ഇന്ത്യ ഫൗണ്ടേഷന്റെ അഭിഭാഷകൻ ഉമേഷ് ചന്ദ്ര ശർമ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള വിവരമനുസരിച്ച് ഈ സ്ഥലങ്ങളിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനും പറഞ്ഞു. എന്നാൽ, ഈ കെട്ടിടങ്ങൾ ഡിഡിഎ വിജ്ഞാപനം ചെയ്ത പട്ടികയിൽ ഉൾപ്പെട്ടതാണെന്നും ഡിഡിഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അതിർത്തി നിർണയിച്ചതാണെന്നും ഡൽഹി വഖഫ് ബോർഡിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് 21നു വീണ്ടും പരിഗണിക്കും
സ്ഥിരം പരാതിക്കാർ പ്രീത് സിങ് എന്ന കിഴക്കൻ ഉത്തർപ്രദേശ് സ്വദേശിയാണു സേവ് ഇന്ത്യ ഫൗണ്ടേഷന്റെ നടത്തിപ്പുകാരൻ. തുർക്ക്മാൻ ഗേറ്റിനു സമീപത്തെ ഫൈസെ ഇലാഹി മസ്ജിദിനോടു ചേർന്നുള്ള കെട്ടിടങ്ങൾ ഡിഡിഎ അർധരാത്രി ഇടിച്ചുനിരത്തിയതു സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പരാതിയിലാണ്. ‘തുർക്ക്മാൻ ഗേറ്റിലെ ഇടിച്ചുനിരത്തൽ കൊണ്ട് ഒന്നും അവസാനിക്കുന്നില്ല’ എന്നായിരുന്നു നടപടിക്കു പിന്നാലെ പ്രീത് സിങ്ങിന്റെ പ്രതികരണം. കയ്യേറ്റം ആരോപിച്ചു മുസ്ലിം ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ വിവിധ കോടതികളിൽ പരാതി നൽകുന്നതാണു പ്രീത് സിങ്ങിന്റെയും സേവ് ഇന്ത്യ ഫൗണ്ടേഷന്റെയും പ്രധാന പ്രവർത്തനം. കേസ് നൽകാനും വാദിക്കാനുമായി മുപ്പതിലേറെ അഭിഭാഷകരുടെ സംഘവും ഒപ്പമുണ്ട്