നാലാം സ്റ്റേജ് ഗുലുമാലുകൾ; കാൻസർ ഭേദമാക്കാൻ നാലാം സ്റ്റേജിൽ കഴിയില്ലേ?

കാൻസർ ലോകത്തിൽ ഏറ്റവും കുഴപ്പം പിടിച്ചൊന്നാണ് നാലാം സ്റ്റേജ്. യഥാർത്ഥത്തിൽ ഏതാണ്ട് സ്റ്റേജ് എന്ന് സഹൃദയരായ ബന്ധുമിത്രാദികളും നാട്ടുകാരും തിരക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരവും മറ്റൊന്നല്ല. എന്നാൽ നാലാം സ്റ്റേജ് എന്നാൽ എല്ലാം കൈവിട്ടു പോയ അവസ്ഥയാണോ ? ഭേദപ്പെടുത്താനൊക്കെ പറ്റുവോ ? ചികിസിച്ചിട്ട് കാര്യമുണ്ടോ? ചുരുങ്ങിയ വാക്കുകൾ മതിയാവില്ല. എങ്കിലും ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നാലാം സ്‌റ്റേജ് എന്നത് കണ്ടെത്തിയാൽ ചികിത്സിച്ച് മൂന്നാം സ്റ്റേജിലെത്തിക്കാൻ പറ്റില്ല. കണ്ടെത്തുന്ന സമയത്ത് ഏതാണോ സ്റ്റേജ് അതിൽ മാറ്റമില്ല. നാലാം സ്‌റ്റേജിൽ തന്നെ രോഗത്തിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിന് ഒരാൾക്ക് വൻകുടൽ കാൻസർ പിടിപെട്ടു എന്ന് വിചാരിക്കുക. രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ പരിശോധനകൾ നടത്തിയപ്പോൾ രോഗം കരളിലേക്ക് ബാധിച്ചു എന്ന് കണ്ടെത്തിയെന്ന് കരുതുക. ഏതാണ് സ്റ്റേജ് എന്നു ചോദിച്ചാൽ നാലാം സ്‌റ്റേജ് എന്നാണ് ഉത്തരം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. കരളിൽ ഒരു ഭാഗത്ത് മാത്രം പടർന്നാലും ഒന്നിലധികം ഭാഗത്ത് പടർന്നാലും കരളിലും ശ്വാസകോശത്തിലും ഒരേ സമയം പടർന്നാലും കരളിലും ശ്വാസകോശത്തിലും എല്ലുകളിലും പടർന്നാലും നാലാം സ്‌റ്റേജ് തന്നെയാണ്. പക്ഷേ മുൻപ് പറഞ്ഞ പോലെ രോഗത്തിന്റെ തീവ്രത ഇവരിലെല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു. നാലാം സ്‌റ്റേജിൽ രോഗത്തിന്റെ ചികിത്സയും ചികിത്സയുടെ ഉദ്ദേശ്യവും ഇതു പോലെ തന്നെ വ്യത്യസ്തമാണ്. ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം പടർന്ന രോഗത്തെ ചികിത്സിക്കുന്നത് ഭേദപ്പെടുത്താൻ തന്നെയാണ്. ഇനിയൊരു കാര്യം ശ്രദ്ധിക്കാം.

ആദ്യ ചികിത്‌സയ്ക്കു ശേഷം രോഗം വീണ്ടും വരുമ്പോൾ നാലാം സ്‌റ്റേജ് എന്ന് മുദ്ര കുത്താറുണ്ട്. ഇവിടെയും തിരികെ വരുമ്പോൾ എങ്ങനെ വരുന്നു എന്നത് മുഖ്യമാണ്. ചില അവസരങ്ങളിൽ നാലാം സ്റ്റേജ് എന്നതിന് വലിയ പ്രാധ്യാനമൊന്നുമില്ല. ആദ്യ സ്‌റ്റേജുകളെ അപേക്ഷിച്ച് രോഗത്തിന് ഗൗരവം കൂടുതലാണെന്ന് മാത്രമേ അർത്ഥമുള്ളൂ. എടുത്തു പറയേണ്ട രണ്ടു രോഗങ്ങളുണ്ട്. ഒന്ന് ലിംഫോമയാണ്. നാലാം സ്‌റ്റേജിലും ലിംഫോമ പൂർണ്ണമായും ഭേദപ്പെടുത്താവുന്ന ഒരു രോഗമാണ്. ഇനിയൊന്ന് വായിലും തൊണ്ടയിലും വരുന്ന കാൻസറാണ്. കഴുത്തിലെ ലിംഫ് ഗ്രന്ഥികളിൽ കാൻസർ പടർന്നാൽ നാലാം സ്‌റ്റേജിൽ എത്തി എന്നാണ് അർത്ഥം. എന്നാൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്ന രോഗം തന്നെയാണ് അതും. അതു കൊണ്ട് നാലാം സ്‌റ്റേജ് എന്ന് കരുതി ലോകം അവസാനിച്ചു എന്ന് കരുതരുത്.

Leave a Reply

Your email address will not be published. Required fields are marked *