നിങ്ങളുടെ കരള്‍ കുഴപ്പത്തിലാണോ? കയ്യിലെ ഈ സൂചനകള്‍ മുന്നറിയിപ്പ്!
നമ്മുടെ ശരീരത്തിലെ 500ലധികം ആവശ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിലും രക്തപ്രവാഹത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നതിലുമെല്ലാം കരള്‍ നിര്‍ണ്ണായക പങ്ക് വഹിക്കാറുണ്ട്. ഇതിനാല്‍ തന്നെ കരളിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കില്ല എന്നതാണ് കരള്‍ രോഗങ്ങളെ പലപ്പോഴും മാരകമാക്കുന്നത്. കരള്‍ രോഗം പുരോഗമിച്ച് അവസാന ഘട്ടങ്ങളിലെത്തുമ്പോള്‍ മാത്രമാണ് പലരും ഇത് തിരിച്ചറിയുന്നത്. എന്നാല്‍ കരള്‍ രോഗവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈകളില്‍ പ്രത്യക്ഷപ്പെടുന്ന ചില സൂചനകളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. നഖം വളയുന്നത്
വിരലുകളുടെ അറ്റം വീര്‍ത്ത് നഖങ്ങള്‍ പുറത്തേക്ക് വളഞ്ഞ് നില്‍ക്കുന്ന അവസ്ഥയെ വിളിക്കുന്നത് നെയില്‍ ക്ലബിങ് എന്നാണ്. കണ്ടാല്‍ ഒരു സ്പൂണ്‍ കമഴ്ത്തി വച്ച പോലെ നഖങ്ങള്‍ വികസിച്ച് വീര്‍ത്ത് വരും. ഇത് ആദ്യം തള്ളവിരലിലും ചൂണ്ടുവിരലിലും ആരംഭിച്ച് പിന്നീട് മറ്റ് നഖങ്ങളിലേക്ക് വ്യാപിക്കും. കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് മൂലമാണ് ഇത് സംഭവിക്കുന്നത്. കരള്‍വീക്കം വിരലുകളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഇവിടുത്തെ ധമനികളെ വികസിപ്പിക്കുന്നതാണ് നെയില്‍ ക്ലബിങ്ങിന് കാരണമാകുന്നത്.
2. ചുവന്ന കൈത്തലം
കൈത്തലം ചുവന്ന് തുടുക്കുന്നതും കരള്‍ വീക്കത്തിന്റെ ലക്ഷണമാകാം. കൈകള്‍ക്ക് ചെറിയ ചൂടും അനുഭവപ്പെടാം. എന്നാല്‍ നീരോ, വേദനയോ, ചൊറിച്ചിലോ ഒന്നും ഇതിന്റെ ഭാഗമായി ഉണ്ടാകില്ല. കരള്‍ വീക്കം വന്നവരില്‍ 23 ശതമാനം പേര്‍ക്കും ചുവന്ന കൈത്തലങ്ങള്‍ കാണപ്പെടാമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ തവിട്ട്, കറുപ്പ് ചര്‍മ്മനിറമുള്ളവരില്‍ ഈ ലക്ഷണം അത്ര പ്രകടമാകില്ല.
3. ടെറി നെയില്‍സ്
നഖത്തിന്റെ ഭൂരിഭാഗം പ്രദേശവും വെളുത്തിരിക്കുന്ന അവസ്ഥയാണ് ടെറി നെയില്‍സ്. കരള്‍വീക്കമുള്ളവരില്‍ 10ല്‍ എട്ട് പേര്‍ക്കും വെളുത്ത നഖമായിരിക്കുമെന്ന് കണ്ടെത്തിയ ഗവേഷകന്‍ റിച്ചാര്‍ഡ് ടെറിയുടെ പേരിലാണ് ഈ ലക്ഷണം അറിയപ്പെടുന്നത്. കൈകളിലെ ഈ മൂന്ന് ലക്ഷണങ്ങള്‍ക്ക് പുറമേ ചര്‍മ്മത്തില്‍ എട്ട് കാലിയുടെ രൂപത്തിലുള്ള ചുവന്ന പാടുകള്‍, തൊലിപ്പുറത്തെ ചെറിയ ചുവന്ന് പൊട്ടുകള്‍, ചര്‍മ്മത്തിലും കണ്‍പോളകളിലും ചെറിയ മഞ്ഞ കൊഴുപ്പ് നിക്ഷേപങ്ങള്‍, എളുപ്പത്തിലുള്ള രക്തസ്രാവം തുടങ്ങിയവയും കരള്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.
നിരന്തരമായ ക്ഷീണം, വിശപ്പില്ലായ്മ, ലൈംഗിക താത്പര്യം നഷ്ടമാകല്‍, മഞ്ഞപിത്തം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ഛര്‍ദ്ദി, ഓക്കാനം, അടിവയറ്റില്‍ വേദന, വയറിലും കാലുകളിലും കണങ്കാലിലുമൊക്കെ നീര്, കൈ വിറയല്‍, കുഴഞ്ഞ സംഭാഷണം, ആശയക്കുഴപ്പം, രക്തം ഛര്‍ദ്ദിക്കല്‍, കറുത്ത നിറത്തിലുള്ള മലം എന്നിവയും കരള്‍ രോഗങ്ങളുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.