ദുഃഖാചരണവുമായി ഇന്ത്യയിലെ ഷിയ മുസ്ലിംകൾ
ബെംഗളൂരു : ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന് കർണാടകയിലെ ചിക്കബെല്ലാപുര ഗൗരിബിദനൂരിലെ അലിപ്പൂരിൽ പ്രതിഷേധം. ഇവിടെ താമസിക്കുന്നത് 90 ശതമാനവും ഇറാനിൽ വേരുകളുള്ള ഷിയ മുസ്ലിംകളാണ്. ബെംഗളൂരുവിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ 25000 ആണ് ആകെ ജനസംഖ്യ.
1986-ൽ ഖമനയി ഇവിടം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഇവിടെ ആശുപത്രിയുമുണ്ട്. അലിപ്പൂരിലെ ഒട്ടേറെ യുവാക്കൾ ഇറാനിൽ മതപഠന, മെഡിക്കൽ വിദ്യാഭ്യാസ കോഴ്സുകളും പൂർത്തിയാക്കിയവരാണ്.
ഇതിൽ 150 പേർ ഇപ്പോഴും ഇറാനിലുണ്ട്. അലിപ്പൂരിലെ തെരുവുകളിൽ അൻജുമാൻ ജാഫരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു. ഖമനയിക്കായി പ്രാർത്ഥനായോഗം നടത്തി. 3 ദിവസം ദുഃഖമാചരിക്കുമെന്ന് അറിയിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് എസ്പി കുശാൽ ചൗക്സി സ്ഥലത്തെത്തി ചർച്ച നടത്തി. അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.