വനിതാ ഓട്ടോഡ്രൈവറുടെ മാസവരുമാനം 45,000 രൂപ; ‘ഹൃദയം നിറച്ച യാത്രാനുഭവം’, കുറിപ്പുമായി യുവതി, വൈറൽ

ഒരു വനിതാ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്‌നേഹ പ്രഭു എന്ന യുവതി ഇവരെക്കുറിച്ച് സാമൂഹികമാധ്യമമായ എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് വനിതാ ഡ്രൈവർ വൈറൽ താരമായത്. അതേസമയം ഇവരുടെ പേരോ, മുഖമോ ഒന്നും സ്‌നേഹ പങ്കുവെച്ചിട്ടില്ല. ഓട്ടോറിക്ഷ ഓടിക്കുന്ന വനിതാ ഡ്രൈവറുടെ പിന്നിൽനിന്നുള്ള ചിത്രം മാത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. ബെംഗളൂരുവിൽ വെച്ചാണ് സ്‌നേഹ വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ കയറിയത്. ഓട്ടോയാത്രയ്ക്കിടെ താൻ ഡ്രൈവറായ യുവതിയുമായി സംസാരിച്ചുവെന്ന് സ്‌നേഹ പറയുന്നു. ഓട്ടോറിക്ഷ ബുക്ക് ചെയ്തപ്പോൾ വനിതാ ഡ്രൈവറാണെന്ന് കണ്ട് തന്റെ സുഹൃത്തുക്കൾ തന്നേക്കാൾ ആവേശംകൊണ്ടുവെന്നും സ്‌നേഹ പറഞ്ഞു. നമ്മ യാത്രി എന്ന ബുക്കിങ് ആപ്പ് വഴിയാണ് സ്‌നേഹയും സുഹൃത്തുക്കളും ഓട്ടോറിക്ഷ വിളിച്ചത്. ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കാനാണ് കൂടുതൽ എളുപ്പമെന്ന് ഡ്രൈവർ സ്‌നേഹയോട് പറഞ്ഞു. വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയത്. രണ്ടരലക്ഷം രൂപ ഇതിനകം തിരിച്ചടച്ചുവെന്നും യുവതി പറഞ്ഞു.

തന്റെ വരുമാനത്തെ കുറിച്ചും യുവതി സ്‌നേഹയോട് തുറന്നുസംസാരിച്ചു. മാസം 45,000 രൂപ വരെ താൻ സമ്പാദിക്കാറുണ്ടെന്നാണ് അവർ പറയുന്നത്. ചിലപ്പോൾ അതിൽ കൂടുതലും ലഭിക്കും. കോറമംഗലയിലുടനീളം 300-ഓളം വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉണ്ടെന്നും എല്ലാവരും ഒരു ഗ്രൂപ്പ് വഴി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. തന്നെ ആരും പരിഹസിച്ചിട്ടില്ലെന്നും ഭൂരിഭാഗം പേരും പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *