കൊഴുവനാൽ : കെസി വൈഎം, കെസിഎസ്എൽ സംഘടനകളുടെ പാലാ രൂപത ഡയറക്ടറായിരിക്കെ നൂറുകണക്കിനു ചെറുപ്പക്കാരുടെ വ്യക്തിത്വ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഫാ. ജോർജ് പൂവക്കുളം ഇനി ഓർമ. കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. പൂവക്കുളത്തിന്റെ സംസ്കാരം നാളെ 1.30-നു സെന്റ് ജോൺ നെപുസ്യാൻസ് ഫൊറോന പള്ളിയിൽ നടത്തും.
ഏറെക്കാലമായി രോഗബാധിതനായി വിശ്രമ ജീവിതത്തിലായിരുന്നു. 1998 മുതൽ 2003 വരെ കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെയും (കെസിവൈഎം) കേരള കത്തോലിക് സ്റ്റുഡന്റ്സ് ലീഗിന്റെയും (കെസിഎസ്എൽ) പാലാ രൂപത ഡയറക്ടറായിരിക്കെ വിദ്യാർത്ഥികളും യുവജനങ്ങളുമായ നൂറുകണക്കിനു പേരുടെ വ്യക്തിത്വ വികാസത്തിൽ നിർണായക സ്വാധീനമാകാൻ ഫാ. ജോർജ് പൂവക്കുളത്തിനു കഴിഞ്ഞിരുന്നു. രോഗബാധിതനായതോടെ വിശ്രമ ജീവിതത്തോടൊപ്പം നീലൂർ സാവിയോ ഹോമിന്റെ ചുമതല വഹിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ വിദ്യാർത്ഥികളുടെ ആത്മീയ വികാസത്തിനായി യത്നിച്ചു. വെളളിക്കുളം, ളാലം പഴയ പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും സേവനമനുഷ്ഠിച്ചിരുന്നു.
ഭൗതികശരീരം ഇന്ന് വൈകിട്ട് 4-നു കൊഴുവനാലിലെ സഹോദരന്റെ വസതിയിൽ കൊണ്ടുവരും. നാളെ രാവിലെ 9 മുതൽ കൊഴുവനാല്‍ പള്ളി ഹാളിൽ പൊതുദർശനം.