ഈരാറ്റുപേട്ട: പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് പ്രക്രിയക്ക് തുടക്കമായി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യ വോട്ടറായി ഈരാറ്റുപേട്ട ചായിപറമ്പിൽ മീരാണ്ണന്റെ വോട്ട് ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തി. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽനിന്ന് പുറപ്പെട്ട ഒന്നാം നമ്പർ ടീമിന്റെ ആദ്യ വോട്ടറായാണ് മീരാണ്ണൻ വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗ് രീതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുത്ത ശേഷം മീരാണ്ണൻ സ്വന്തമായി വോട്ട് രേഖപ്പെടുത്തി ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുകയായിരുന്നു.
രാവിലെ 9.30 ന് പൂഞ്ഞാർ മണ്ഡലത്തിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ അരുവിത്തുറ കോളേജിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയ ശേഷം മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന സംഘമായി പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് വീടുകളിലേക്ക് പുറപ്പെട്ടത്.
പാലാ ആർ.ഡി.ഒയും പൂഞ്ഞാർ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുമായ മുഹമ്മദ് സഫീർ ഇ, നോട്ടിഫൈഡ് എ.ആർ.ഒ സാനി മരിയ, എ.ആർ.ഒ താജുദ്ദീൻ എന്നിവർ പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് മേൽനോട്ടം വഹിച്ചു. മാസ്റ്റർ ട്രെയിനർമാരായ എലിസബത്ത്, ഷാരോൺ എന്നിവർ ഉദ്യോഗസ്ഥർക്ക് പോളിംഗ് പ്രക്രിയകളെക്കുറിച്ച് പരിശീലനം നൽകി.