പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ തലപ്പത്ത് മന്ത്രി ഗണേഷ് തുടരുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി; അംഗങ്ങള്‍ സുകുമാരന്‍ നായരെ സമീപിച്ചതായി വിവരം

പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടരുന്നതിനെതിരെ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത് എന്ന് ആരോപണം. പത്മ കഫെ നിര്‍മ്മാണത്തിലെ അഴിമതി അടക്കം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അംഗങ്ങള്‍ അറിയിച്ചെന്നാണ് വിവരം. അതേസമയം നായന്മാര്‍ക്കിടയില്‍ അങ്കഛിദ്രം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കെ.ബി. ഗണേഷ് കുമാര്‍ പ്രതികരിച്ചു.

യൂണിയനിലെ പ്രവര്‍ത്തനങ്ങളില്‍ ഗണേഷ് കുമാറിന്റെ ഏകാധിപത്യപരമായ നടപടികള്‍ ആണ് ഉണ്ടാകുന്നതെന്ന വിമര്‍ശനം ഉണ്ട്. കൂടാതെ പത്മ കഫെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗണേഷ് കുമാറിനെ പത്തനാപുരം എന്‍എസ്എസ് യൂണിയനില്‍ നിന്ന് മാറ്റണം എന്ന ആവശ്യം അംഗങ്ങള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളുകയാണ് കെ ബി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ വക്രബുദ്ധിയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പത്തനാപുരത്ത് താന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.സംഭവത്തില്‍ എന്‍എസ്എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *