നോർക്ക ഹെൽപ് ഡെസ്കിലേക്ക് അന്വേഷണപ്രവാഹം

സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : ഇറാൻ – ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെമെങ്കിൽ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിൽ നിന്നുള്ള വലിയൊരു വിഭാഗം പൗരന്മാർ ഈ മേഖലയിലെ രാജ്യങ്ങളിൽ കഴിയുന്നുണ്ട്. കേരളത്തിലുള്ള അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശങ്കയിലാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.


സ്ഥിതിഗതികൾ വിലയിരുത്താൻ നോർക്ക സെക്രട്ടറി ടി.വി.അനുപമയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നോർക്ക സജ്ജീകരിച്ച ഹെൽപ് ഡെസ്കിലേക്ക് ഇന്നലെ വൈകിട്ട് 6 വരെ 541 പേർ വിളിച്ചു. യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യുകെ എന്നിവിടങ്ങളിൽ നിന്നായി 188 പേരും രാജ്യത്തിനുള്ളിൽ നിന്ന് 353 പേരുമാണ് ബന്ധപ്പെട്ടത്. നോർക്ക സജ്ജീകരിച്ച ഹെൽപ് ഡെസ്കിലേക്ക് ഇന്നലെ അഞ്ഞൂറിലേറെ പേർ വിളിച്ചു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു അന്വേഷണം. ഗൾഫ് മേഖലയിൽ നിന്നുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണമുണ്ടായി.
ഹെൽപ് ഡെസ്കിൽ ബന്ധപ്പെട്ട പ്രവാസി കേരളീയർ എല്ലാം സുരക്ഷിതരാണ്. കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതതു രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവരുമായും ഏകോപനം തുടരുന്നു.
സംഘർഷം തുടരുന്ന രാജ്യങ്ങളിലുള്ള പ്രവാസികൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്നാണ് നിർദേശം.

അടിയന്തര സഹായത്തിന് ബന്ധപ്പെടാം: +91-8802012345 (രാജ്യാന്തര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്ന്).

Leave a Reply

Your email address will not be published. Required fields are marked *