നെടുങ്കണ്ടം: കായിക കേരളത്തിന് ആവേശമായി ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി നിർമ്മിച്ച ദ്രോണാചാര്യ കെ.പി. തോമസ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 2026 മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഡിയം സമുച്ചയത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
കേരളത്തിന്റെ കായിക മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് സർക്കാർ നൽകുന്ന ഈ വലിയ ആദരവിന് നന്ദി അറിയിച്ചുകൊണ്ട് എല്ലാ കായിക താരങ്ങളെയും പ്രേമികളെയും ദ്രോണാചാര്യ കെ.പി. തോമസ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
സംസ്ഥാന കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും.
മറ്റ് വിശിഷ്ട അതിഥികൾ:
ബഹു. ഇടുക്കി എം.പി ശ്രീ. ഡീൻ കുര്യാക്കോസ്, ബഹു. ഉടുമ്പൻചോല എം.എൽ.എ ശ്രീ. എം.എം. മണി എന്നിവരാണ് മറ്റു വിശിഷ്ടാതിഥികൾ.
പ്രശസ്ത കായിക കമന്റേറ്റർ ശ്രീ. ഷൈജു ദാമോദരൻ ചടങ്ങിൽ അവതാരകനായി എത്തും. ഇടുക്കിയുടെ കായിക സ്വപ്നങ്ങൾക്ക് പുതിയ കരുത്തുപകരുന്ന ഈ ഇൻഡോർ സ്റ്റേഡിയം മേഖലയിലെ വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.