നാഗ്‌പൂരിലെ ഫാക്ടറിയിൽ സ്‌ഫോടനം: 18 പേർ മരിച്ചു

ദുരന്തമുണ്ടായത് ഖനി, ക്വാറികൾക്കായി സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ

മുംബൈ : വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന നാഗ്‌പൂരിലെ ഫാക്ടറിയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 18 ജീവനക്കാർ മരിച്ചു; 24 പേർക്ക് ഗുരുതര പരിക്കേറ്റു. നാഗ്‌പൂർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ കടോളിൽ എസ്ബിഎൽ എനർജി ഫാക്ടറിയിലെ ഡിറ്റണേറ്റർ പാക്കിങ് യൂണിറ്റിൽ ഇന്നലെ രാവിലെ 6.45-നായിരുന്നു സ്‌ഫോടനം. മരണസംഖ്യ ഉയർന്നേക്കാം. പരിക്കേറ്റ പലരുടെയും കേൾവിശക്തി നഷ്ടപ്പെട്ടു.

​മൃതദേഹങ്ങൾ ചിന്നിച്ചിതറിയും കത്തിക്കരിഞ്ഞും തിരിച്ചറിയാനാകാത്ത നിലയിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു. രാവിലെ 6-നു തുടങ്ങിയ ഷിഫ്റ്റിൽ 34 ജീവനക്കാരും 2 സൂപ്പർവൈസർമാരും ജോലി ചെയ്യുന്നതിനിടയ്ക്കാണ് പോളിമെർ ബനി, ക്വാറി ആവശ്യങ്ങൾക്കായുള്ള സ്‌ഫോടകവസ്തുക്കളിലൊന്ന് ഇവിടെ നിർമ്മിക്കുന്നത്.

​ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ, ഡിഫൻസ് ഇൻഫർമേഷൻ സിസ്റ്റം ഫോർ സെക്യൂരിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ശനിയാഴ്ച ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർ മരിച്ചതിനു പിന്നാലെയാണ് നാഗ്‌പൂരിലെ ദുരന്തം.

​മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയും മഹാരാഷ്ട്ര സർക്കാരും 2 ലക്ഷം രൂപ വീതവും പരിക്കേറ്റു ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *