ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ, കളക്ടറുടെ നിലപാട് വിവേചനാപരം .

ഈരാറ്റുപേട്ട . മിനി സിവിൽ സ്റ്റേഷൻ ഈ വർഷം ജനുവരി ആദ്യവാരത്തിൽ തറക്കല്ലിടുമെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ വാക്ക് പാഴ് വാക്കായി. ഇതുവരെയും തറക്കല്ലിടീൽ നടന്നില്ല.  കോട്ടയം ജില്ലാ കളക്ടറിൽ നിന്നും ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് സ്ഥലം ലഭ്യമാക്കി കൊണ്ടുള്ള ഉത്തരവ് പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിട്ടില്ലാത്തതാണ് കാരണം.

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്  പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ ഭൂമി 80 സെൻ്റ് സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെന്നും മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് കോട്ടയം കളക്ടറിൽ നിന്ന് കഴിഞ്ഞ വർഷം സെപ്തംബർ 19 ന് കോട്ടയം പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചീനീയർക്ക് ഉത്തരവ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് ഭരണാനുമതി ലഭിച്ചെങ്കിലും  ടെക്നിക്കൽ അനുമതി (റ്റി.എസ്) ഇതുവരെയും  ലഭിച്ചിട്ടില്ല. സ്ഥലം ലഭ്യമാക്കാത്തതു കൊണ്ടാണ് ടെക്നിക്കൽ അനുമതി ലഭിക്കാത്തതും  ടെൻഡർ നടപടി സ്വീകരിക്കാത്തതുമെന്ന് പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ നിന്നും അറിയാൻ സാധിച്ചു.


2021-2022ലെ സംസ്ഥാന ബഡ്‌ജറ്റിൽ  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്  10 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് വേണ്ടി കോട്ടയം ജില്ലാ കളക്ടർ 23-02-2022 ൽ സർക്കാരിന് സമർപ്പിച്ച പ്രോപ്പോസലിൽ    വടക്കേക്കയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ പുറംമ്പോക്ക് ഭൂമിയിൽ ഒരു ഏക്കർ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ പണിയാൻ അനുയോജ്യമെന്ന്  സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ഇതെ തുടർന്ന് ഇവിടെ സിവിൽ സ്റ്റേഷൻ വരുന്നതിനെതിരെ ഈരാറ്റുപേട്ട തീവ്രവാദ കേന്ദ്രമാണെന്ന് വ്യാജ റിപ്പോർട്ട് അന്നത്തെ  ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ  ജില്ലാ പൊലീസ് മേധാവിക്ക് നൽകുകയും ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പിന്നിട് ഇപ്പോഴത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് റിപ്പോർട്ട് തിരുത്തുകയും ചെയ്തു.

ഏറ്റുമാനൂർ, ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഭൂമി അനുവദിക്കുന്ന വിഷയത്തിൽ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ 2024 ആഗസ്റ്റ് 4 ലെ  ഉന്നതതല യോഗത്തിൽ ഏറ്റുമാനൂർ സിവിൽ സ്റ്റേഷന് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് കൈവശമുള്ള സർക്കാർ ഭൂമിയിൽ നിന്ന് 70 സെൻ്റ് സ്ഥലവും ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ പുറംമ്പോക്ക് ഭൂമിൽ നിന്ന് 50 സെൻ്റ് സ്ഥലവും അനുവദിക്കുമെന്ന് തീരുമാനം എടുത്തിരുന്നു. ഇതെ തുടർന്ന് 80 സെൻ്റ് ഭൂമി ഏറ്റുമാനൂർ സിവിൽ സ്റ്റേഷന് അനുവദിക്കുകയും ചെയ്തു.

മുഖ്യമന്ത്രി അധ്യക്ഷതയിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥമാരുടെ സാന്നിദ്ധ്യത്തിൽ തീരുമാനമെടുത്തിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ഈരാറ്റുപേട്ട സിവിൽ സ്റ്റേഷന് പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ ഭൂമി  കോട്ടയം ജില്ലാ കളക്ടർ അനുവദിക്കാത്തത് പ്രതിഷേധാർഹവും വിവേചനപരവുമാണെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *