ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല ആവശ്യമായിരുന്ന ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. 2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം നടത്തുക. ഇതിനായി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ പോലീസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതിനെ തുടർന്ന് എംഎൽഎയുടെ ശ്രമഫലമായി സ്ഥലം ലഭ്യമാക്കി നിർമ്മാണം ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂന്നി 10 വര്‍ഷം കൊണ്ട് 456678 പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഓരോ ദിവസവും 214 പട്ടയങ്ങള്‍ എന്ന നിരക്കില്‍ വിതരണം ചെയ്ത് ഇത്രയേറെ കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ സാധിച്ചു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പട്ടയവിതരണവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ആവശ്യപ്രകാരം
ഭൂപതിവ് ഓഫീസ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മണ്ഡലത്തിലെ പട്ടയത്തിനര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും മിനി സിവില്‍സ്റ്റേഷന്‍ ആരംഭിക്കാനുള്ള ഫണ്ട് ലഭ്യമാക്കാനും മറ്റനുമതികള്‍ക്കും നേതൃപരമായ പങ്കുവഹിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സ്വാഗതവും മീനച്ചിൽ തഹസിൽദാർ ഇൻ ചാർജ് സജിമോന്‍ മാത്യു നന്ദിയും പറഞ്ഞു. രമാ മോഹൻ, അഡ്വ. സുനിൽ പാണ്ടൻകല്ലേൽ, എം.ജി. ശേഖരൻ, അഡ്വ. ജെയിംസ് ജോസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, നിഷാദ് നടക്കൽ, എ.എം.എ. ഖാദർ, പ്രൊ. എ.എം. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.